
പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെ പെൺസുഹൃത്തും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആഷിഖിന്റെ പെൺസുഹൃത്ത് പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷഹാന (32), അവരുടെ ഭർത്താവ് ഷിഹാബ് (39) എന്നിവർ ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. അപകടമെന്ന് വരുത്തിതീർക്കാനുള്ള ദമ്പതികളുടെ ശ്രമം പൊലീസിന്റെ പഴുടച്ചുള്ള അന്വേഷണത്തിൽ പൊളിയുകയായിരുന്നു. ഷഹാനയേയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലിയായിരുന്നു കൊല്ലപ്പെട്ട ആഷിഖിന്. ഇതിനിടെ ആഷിഖും ഷഹാനയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പൊലീസിൽ പരാതി കൊടുപ്പിച്ചു. പൊലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 ദിവസം ജയിലിൽ കിടന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തി. ഇതാണ് ഇയാളെ കൊലപ്പെടുത്താൻ കാരണമായതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഓൺലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ ഇൻസുലേറ്റഡ് വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അപകടത്തിൽപ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ആഷിഖ് മരിച്ചിരുന്നു.
സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് ഷഹാനയെയും ഭർത്താവ് ഷിഹാബിനെയും പൊലീസ് ചോദ്യം ചെയ്തതും സംഭവത്തിന്റെ ചുരുളഴിഞ്ഞതും. ഷഹാനയും ഷിഹാബും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആഷിഖിന്റെ രണ്ട് തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാർന്നൊഴുകിയാണ് ആഷിഖ് മരിച്ചത്. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.










